Sunday, March 28, 2010

നിനവിലൊരു കനവ്‌

പതിയെ പതിയെ സ്നേഹത്തിന്റെ ഉത്തുംഗ ശ്രുംഗങ്ങളിലെക്ക് ഒരു തൂവലായി ഉയരവേ, കാതുകളില്‍ പതിയ്ക്കുന്ന അമൃത ധാരയില്‍ ബോധത്തിന്റെ ഓരോ കണികയും മുഴുകിയിരുന്ന നിമിഷങ്ങള്‍ , ഉന്മാദമോ ലഹരിയോ എന്നൊന്നും തിരിച്ചറിയാനാവാതെ എന്നെ എന്നില്‍ അവശേഷിപ്പിക്കാതെ അലിയവെ കണ്ണുകളിലേക്ക് ഒരു സുവര്‍ണ്ണ ശോഭ ഒഴുകിയെത്തി . ചേതനയുടെ അറിയാത്ത ബിന്ദുക്കളെ ഉണര്‍ത്തിയ സ്വര്‍ണപ്രഭ . കണഞ്ചിപ്പിക്കുന്ന തിളക്കമല്ല, കാഴ്ച്ചയില്‍ എല്ലാത്തിനെയും മൂടുന്ന സുന്ദരമായ ശാന്ത പ്രകാശം. അതില്‍ പൈന്‍മരത്തിന്റെ ഇലകളുടെയെന്ന പോലൊരു പച്ചപ്പ്‌ . അതിനിടയില്‍ തെളിഞ്ഞു നിന്നൊരു മരകൊംബ്. ഇളം കറുപ്പായ മിനുസമുള്ള ചുള്ളികംബുകള്‍ കൊണ്ട് തീര്‍ത്ത ഒരു കിളികൂട്. കൂര്‍ത്ത കുഞ്ഞിച്ചുണ്ടുള്ള , മനോഹരമായ മഞ്ഞ നിറത്തിലുള്ള ചുറ്റും വരതീര്‍ത്ത പോലെയുള്ള കണ്ണുകളോടെ , തവിട്ടു നിറമാര്‍ന്ന ഒരാങ്കിളി തനിയെ ആ കൂട്ടില്‍. തവിട്ടിനിടയില്‍ കറുത്ത തൂവലുകളും ഒതുക്കിവച്ച ചിറകില്‍ തെളിഞ്ഞു കണ്ടു. എന്നെ വിളിക്കുന്നു ..........അരികിലേക്ക് .... ആ ക്ഷണം , അതിന്റെ മോഹിപ്പിക്കുന്ന ആകര്‍ഷണം, എല്ലാത്തിനും ഒരു പശ്ചാത്തല ഗീതം പോലെ നീണ്ടു നേര്‍ത്ത വരകളായി മൂടുന്ന സ്വര്‍ണപ്രകാശം. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലെ മായയോ, ബോധമനസ്സിലെ ഭാവനാതീതമായ കാഴ്ചയോ ........ എന്തായിരുന്നു അത്? എന്റെ മനസ്സിനെ സമൂലം അഴ്ത്തികളഞ്ഞ ആ ദൃശ്യം , അതില്‍ നിന്നും പിന്തിരിയാന്‍ മടിക്കുന്ന ഹൃദയം, ഉള്ളാകെ നിറഞ്ഞു കവിയുന്ന അലൌകികമായ ശാന്തി- എന്താണീ അനുഭവം? തിക്കിതിരക്കിയ മനസ്സ് . എന്തേ അവിടെയ്കെത്താതെ പോയത്? ഒരു നിമിഷാര്ഥത്തിലെ മഹാത്ഭുതം എന്തേ എന്നെ പിന്തുടരുന്നത് ?

Thursday, March 25, 2010

ലക്‌ഷ്യം

സന്ദേഹങ്ങളുടെ അടികാണാ കയങ്ങളില്‍
കാലുറയ്ക്കാതെ ശ്വാസത്തിനായി
പിടയുന്ന മനസ്സ് .
മുറുകുന്ന അഴിയാക്കുരുക്കുകള്‍ .
അന്ധകാരം എന്നെ പൊതിയുന്നു
ഉലയുന്നൊരു ചെറു നാളമായി മോഹം
തേടുന്നതൊക്കെയും മരീചികകള്‍ മാത്രം.
കൈകോര്‍ക്കുന്ന സൗഹൃദങ്ങള്‍
അകലെയെവിടെയോ മറഞ്ഞു
തളരുന്ന ശരീരത്തില്‍ ദ്രവിക്കുന്ന മനസ്സ്
എത്തിപെടനാകാത്ത തുരുത്തുകളില്‍
എവിടെയോ ലക്‌ഷ്യം മറഞ്ഞിരിക്കുന്നു
പൊരുതുവാന്‍ കഴിയാതെ
കീഴടങ്ങാന്‍ മാത്രമായി
ഒരു ശത്രുവിനെ ഞാന്‍ തിരയുന്നു.

Wednesday, March 3, 2010

മടുപ്പ്

മഞ്ഞിന്റെ നരച്ചൊരു വെളുപ്പാണ്‌ മനസ്സില്‍ നിറയുന്നത്. മരവിപ്പ് മനസ്സിനെ കീഴ്പ്പെടുത്തുന്നു. അനന്തമായൊരു ശൂന്യതയിലേക്ക് എത്തി പെടുന്നത് പോലെ. ഭാവനയില്‍ അലയുന്നതിനും സ്വപ്നം കാണാനുമുള്ള കഴിവ് എനിക്ക് നഷ്ടപെടുകയാണ് എന്ന് തോന്നുന്നു. ലക്ഷ്യമില്ലാതെയുള്ള ഈ യാത്രയില്‍ എന്റെ ആശ്രയം സ്വപ്നങ്ങളില്‍ സ്വയം നഷ്ടമാകാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. എന്തേ എല്ലാറ്റിനോടും മടുപ്പ് തോന്നാന്‍? ഉള്ളില്‍ കാത്തുവച്ചിരുന്ന പ്രണയം പോലും എനിക്ക് അന്യമാവുകയാണോ?എന്റേതല്ലാത്ത ഒരു വ്യക്തിത്വത്തിലേക്ക് ഞാന്‍ മാറുകയാണോ? ഒരു വിളിപ്പാടകലെ നില്‍ക്കുന്ന നിത്യ കാമുകനോടുള്ള പ്രണയം വീണ്ടും തീവ്രം ആകുന്നു, മരണത്തിനോടുള്ള ഒടുങ്ങാത്ത ആകര്‍ഷണം. ആ തണുത്ത കരങ്ങളുടെ സ്പര്‍ശമേല്‍ക്കാന്‍, മറവിയിലേക്ക് മറയാന്‍ വെറുതെ മോഹിച്ചു പോകുന്നു. അദൃശ്യമായ ചങ്ങലകള്‍ എന്നെ ചുറ്റി വരിഞ്ഞിട്ടുള്ളത് മറക്കാതെയല്ല, എന്നിട്ടും ഹേ അദൃശ്യ കാമുകാ ഞാന്‍ നിന്‍ അരികിലെത്താന്‍ കൊതിക്കുന്നു