Saturday, April 24, 2010

ഞങ്ങളുടെ ഏല

ബാല്യകാലത്തിന്റെ ഓര്‍മകള്‍ക്ക് ഒപ്പം ലയിച്ചു ചേര്‍ന്നൊരു രൂപം , ഞൊറി വീണ തൊലിയും മുറുക്കാന്‍ ഒതുക്കിയ വായ കൊണ്ടുള്ള നിറമുള്ള ചിരിയും -കറുത്ത പശ്ചാത്തലത്തില്‍ ചിരിക്കൊരു പ്രത്യേക ഭംഗിയായിരുന്നു. തൂങ്ങിയാടുന്ന കാതുകളും മൂക്കിനിരുവശത്തും മിന്നുന്ന മൂക്കുത്തികളും കണ്ണില്‍ നിറയുന്ന സ്നേഹവും- അതാണ് ഞങ്ങളുടെ ഏല.


പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന സമയത്ത് സ്കൂളിലേക്ക് ഉച്ചഭക്ഷണം കൊണ്ട് വരുന്നതും വൈകിട്ട് സ്കൂളിനടുത്തുള്ള വല്യച്ഛന്റെ വീടിലേക്ക്‌ കൂട്ടികൊണ്ട് പോകുന്നതും ഏല ആയിരുന്നു. ഞങ്ങളെക്കാള്‍ അല്പം കൂടി പൊക്കം ,തമിഴ് ഭാഷണം, ഞാന്നു കിടക്കുന്ന കാതുകളിലെ ഭാരമുള്ള കമ്മലുകളുടെ തൂങ്ങിയാട്ടം- ഞാന്നു കിടക്കുന്ന കാതുകളില്‍ കൈകടത്തി കളിയ്ക്കാന്‍ ഞങ്ങള്‍ക്ക് വലിയ രസമായിരുന്നു-രണ്ടു കൈകളിലും തൂക്കിയിട്ട കുട്ടികളുടെ സ്കൂള്‍ ബാഗുകളുമായി ചേലയുടുത്തോരമ്മ -ഇതാണ് മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഏലയുടെ രൂപം. അവര്‍ ഞങ്ങളെ ഏല എന്ന് വിളിച്ചു. ഞങ്ങള്‍ അവരെയും ഏല എന്ന് വിളിച്ചു. അവരുടെ ശരിയായ പേര് എനിക്കിന്നും അറിയില്ല, ഏല എന്ന വിളിയുടെ അര്‍ത്ഥവും.


അച്ഛന്റെ അമ്മയുടെ സഹായിയായിരുന്നു ഏല. അവര്‍ വിധവയായിരുന്നു . അവരുടെ ഏറ്റവും ഇളയ മകളെ എന്റെ അമ്മൂമ്മയായിരുന്നു വളർത്തിയിരുന്നതെന്ന് എന്ന് പറയാം. അമ്മൂമ്മയുടെയും പിന്നീട് അവരുടെ മരുമകളായി എത്തിയ എന്റെ വല്യമ്മയുടെയും സഹായിയായും സഹകരിയായും രണ്ടുപേരും വീട്ടിലുണ്ടാവും. ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ട് വരുന്നത് ഏലയായിരുന്നു. ചുറ്റുവട്ടങ്ങളിലുള്ള കുറെ കൊച്ചു കുട്ടികള്‍, അവരുടെയൊക്കെ ബാഗും പെട്ടിയുമൊക്കെ ഏലയുടെ കൈയില്‍ . വന്‍സംഘത്തെ യാതൊരു പ്രയാസവും കൂടാതെ റോഡിനോരം ചേര്‍ത്ത് നിയന്ത്രിച്ചു നടത്തിയിരുന്ന ഏലയുടെ കഴിവോര്‍ത്തു എനിക്കിന്ന് അത്ഭുതം തോന്നുന്നു. ഒന്നിനോടൊപ്പം ഒരു കുട്ടി കൂടെയായാല്‍ റോഡിലിറങ്ങിയാല്‍ എനിക്കിപ്പോഴും ഉള്ളിലൊരു കാളലാണ്. ഇത്രയും പേരെ ഒന്നിച്ചു "ഏല പാത്തു പോ, ഓരം പോ " ഇങ്ങനെ വിളിച്ചു പറഞ്ഞു നിയന്ത്രിച്ചു ഞങ്ങളെയെല്ലാം സുരക്ഷിതരായി ഏല വീട്ടിലെത്തിക്കും.


പ്രൈമറി സ്കൂള്‍ കഴിഞ്ഞതോടെ വല്യച്ഛന്റെ വീട്ടിലേക്കു പോകുന്നത് കുറഞ്ഞു വന്നു, ഏലയെ കാണുന്നതും. എങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോള്‍ ഞൊറിവീണ കൈകള്‍ കൊണ്ട് കവിളിലോ കൈയിലോ പിടിച്ചു ഏല ചോദിക്കും" ഏല എപ്പെടിയിരുക്ക് , നല്ലയിരുക്കിയാ ". ചിരിച്ച മുഖത്തോടെ അല്ലാതെ ഏലയെ ഞാന്‍ കണ്ടിട്ടേയില്ല. പരാതിയും പരിഭവവും പറഞ്ഞു കേട്ടിട്ടുമില്ല. പക്ഷെ ഒരുപാടു വിഷമതകള്‍ സഹിച്ച ഒരു സ്ത്രീയാണ് അവരെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.ഇളയ മകളുടെ കല്യാണം അവരുടെ സ്വപ്നവും ഭീതിയും ആയിരുന്നു. വല്യച്ഛന്റെ വീട്ടുകാരുടെ സഹായം ആണ് അവര്‍ക്ക് ഉണ്ടായിരുന്ന ഏക ആശ്രയം. മകളുടെ വിവാഹത്തിനായി അമ്മയും എന്തെങ്കിലുമൊക്കെ സ്വരുകൂട്ടിയിരിക്കാം. എങ്കിലും മൂത്ത പെണ്മക്കളുടെ കല്ല്യാണത്തിന്റെയും മറ്റും കടവും ചെറിയ വരുമാനവും അവരുടെ മനസ്സിന്റെ ശാന്തിയെ കെടുത്തിയിരുന്നു.


അമ്മൂമ്മ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ തല്പരയായിരുന്നു. ഒരു ഇടത്തരം കൂട്ട് കുടുംബത്തിന്റെ നാഥനും വീട്ടിലെ ഏക വരുമാനക്കാരനുമായ വല്യച്ചന്‍ രണ്ടറ്റവും കൂടിമുട്ടിക്കാന്‍ പാടുപെടുന്നതറിയാവുന്ന അമ്മൂമ്മക്ക് ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാനല്ലേ കഴിയൂ. വല്യച്ഛന്റെ മകളുടെ വിവാഹത്തിന് ഏലയും മകളും സസന്തോഷം പങ്കെടുത്തിരുന്നു. അവളെക്കാള്‍ പ്രായമുള്ള സ്വന്തം മകളെ ഓര്‍ത്തു ഏലയുടെ മനസ്സ് നോന്തിരുന്നോ, അറിയില്ല. അത്രയും ചിന്തിക്കാന്‍ അന്ന് എനിക്ക് കഴിവുണ്ടയിരുന്നില്ല


എന്നാലും മകളുടെ വിവാഹം കാണാന്‍ ഏലയ്ക്ക് ഭാഗ്യമുണ്ടായി. ഏറെ ബുദ്ദിമുട്ടിയിട്ടാണെങ്കിലും
കുട്ടിയുടെ വിവാഹവും വല്യച്ചന്‍ നടത്തി , സ്വന്തം മകളുടെത്  പോലെ തന്നെ. പേരകുട്ടിയുടെ കളിചിരികളും ഏല കണ്ടു. ഒരുപാടു കുട്ടികളെ പേരകുട്ടികളായി കരുതിയ ഞങ്ങളുടെ സ്വന്തം ഏല.


വര്‍ഷങ്ങള്‍ പോകവേ , പ്രായത്തി ന്റെയും പക്വതയുടെയും ഭാരവുമേന്തി ജീവിത യാത്രയുടെ തിരക്കില്‍പ്പെട്ടു നട്ടം തിരിയുമ്പോള്‍ ഏലയും ഒരു മങ്ങിയ ചിത്രമായി മനസ്സിലെവിടെയോ പൊടിയിലാണ്ട് മറഞ്ഞു. പിന്നീടൊരിക്കല്‍ വീണ്ടുമാ വീട്ടില്‍ പോയപ്പോള്‍, വല്യമ്മയുമായി വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ഏലയുടെ മരണം ഒരു സാധാരണ വര്‍ത്തമാനമായി എന്റെ അറിവിലെത്തി. ഇനി ഞൊറി വീണ കൈകളുടെ തലോടല്‍ ഒരു ഓര്‍മ്മ മാത്രമാണെന്ന്, ഏല എന്ന സ്നേഹം നിറഞ്ഞ വിളി കേള്‍കില്ലെന്ന  തിരിച്ചറിവ് എന്നെ വീണ്ടും കുട്ടികാലതെത്തിച്ചു. അവിടെ സ്നേഹം നിറഞ്ഞ കണ്ണുകളും ചുവന്ന ചിരിയുമായി ഏല നില്പുണ്ട് , ഞങ്ങളുടെ ഏല!