Monday, February 22, 2010

കുടജദ്രിയിലെക്കൊരു യാത്ര

കൊല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെയാണ് കുടജാദ്രി മലകളില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജ്ഞാനപീഠം, ശ്രീശങ്കരാചാര്യരുടെ തപസ്ഥലം. സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിനാന്നൂറടി ഉയരത്തില്ലാണ് ആയിരത്തി ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള ഈ പുണ്യസ്ഥാനം.കൊല്ലൂരില്‍ നിന്നും ഇവിടേയ്ക്ക് ജീപ്പ് സര്‍വീസ് ലഭ്യമാണ്. പത്തു പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഒരു ജീപ് വാടകയ്ക്കെടുത്തു യാത്ര തിരിച്ചു. മലയാളികള്‍ ഒരുപാടുള്ള ഒരു പ്രദേശമാണ് കൊല്ലൂര്‍, ഞങ്ങളുടെ ജീപ്പ് ഡ്രൈവറും ഒരു മലയാളി ആയിരുന്നു.ഏതാണ്ട് പതിമൂന്നു കിലോമീടറോളം ടാര്‍ റോഡ്‌ ആണ് അതുകഴിഞ്ഞാല്‍ റോഡ്‌ എന്ന് പറയാന്‍ പോലുമാകാത്ത ഒരു വഴി. ഉന്തി നില്‍കുന്ന പാറകളുംപൂഴി മണ്ണും ഇടകലര്‍ന്ന വഴിയില്‍ പലപ്പോഴുംജീപ്പിന്റെ എല്ലാ ചക്രങ്ങളും തറയില്‍ തൊടുന്നു പോലുമുണ്ടായിരുന്നില്ല അസാമാന്യമായ പരിചയമുള്ളവര്‍ക്ക് മാത്രമേ ആ വഴിയിലൂടെ ജീപ്പ് ഓടിക്കാന്‍ പാടു എന്ന് വ്യക്തം. ചിലയിടങ്ങളില്‍ എത്തുമ്പോള്‍ ഊഞ്ഞലാടുന്നത് പോലെ യാണ് യാത്ര.വഴിയില്‍ ധാരാളം യാത്രക്കാര്‍ നടന്നു വരുന്നത് കാണാമായിരുന്നു ശങ്കര ക്ഷേത്രത്തിന്റെ നാലു കിലോമീടര്‍ താഴതെത്തിയപ്പോള്‍ ജീപ്പുയാത്ര അവസാനിച്ചു അവിടെ ദേവിക്ഷേത്രമുണ്ട് ,മൂകാംബികാ ക്ഷേത്രത്തിന്റെ മൂലസ്ഥാനം. അതിനടുത് തന്നെ കാലെശ്വര ക്ഷേത്രം. ദേവി വലിച്ചെറിഞ്ഞതെന്നു കരുതപെടുന്ന ഒരു ശൂലം ആ ക്ഷേത്രത്തില്‍ കാണാം,തുരുമ്പ് പിടിച്ചിട്ടില്ലാത്ത ഇരുമ്പ് ശൂലം-പ്രകൃതിത്തന്നെ കരുതിയിരിക്കുന്ന ഒരത്ഭുതം!
അവിടെ നിന്നുംമലകയറ്റം തുടങ്ങുന്നു, കുത്തനെയുള്ള കയറ്റവും ഉരുളന്‍ കല്ല്‌ നിറഞ്ഞ വഴിയും യാത്ര സാഹസികമാക്കുന്നു .കാലൊന്നു തെന്നിയാല്‍ - ആ ചിന്ത പോലും ഭയം ജനിപ്പിക്കുന്നതാണ് . എങ്കിലും
ഇരുവശത്തെയും കാഴ്ചകള്‍ അതീവ ഭംഗിയാര്‍ന്നവ ആയതിനാലാവാം ഭയം തോന്നിയതേയില്ല . പകുതി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ പഞ്ചമുഖ ഗണപതി പ്രതിഷ്ഠയുള്ള ഒരു ഗുഹ, പതിവായി പൂജയും ഉണ്ടാകാറുണ്ട്. അവിടെ നാരങ്ങ വെള്ളവും സലാട് വെള്ളരിയും സംഭാരവും വില്കാന്‍ നില്‍ക്കുന്ന ഒരാളെ കണ്ടു, കയറ്റം കയറി തളര്‍ന്നെതിയപ്പോള്‍ ആശ്വാസം നല്‍കിയ കാഴ്ച തന്നെ ആയിരുന്നത് .തളര്‍ച്ച മാറ്റി വീണ്ടും മല കയറി, കുറെ കൂടി കുത്തനെയുള്ള കയറ്റമായിരുന്നു അവിടുന്നങ്ങോട്ട്. പിന്നെ പൊടുന്നനവേ ജ്ഞാനപീഠം മുന്നില്‍ കാണാം ആയിരത്തി ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ആ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ എന്ത് വികാരമാണ് ഉള്ളില്‍ തിരതള്ളിയതെന്നു പറയാന്‍ പറ്റുന്നില്ല, അത്ഭുതം, സന്തോഷം, അവിശ്വാസം, അഭിമാനം അങ്ങനെ ഒരു നൂറായിരം വികാരങ്ങള്‍. ക്ഷേത്ര പൂജാരി നല്‍കിയ പൂവും ഭസ്മവും ഒരു നിധി കിട്ടിയ സന്തോഷത്തോടെ ഞാന്‍ വാങ്ങി,വാക്കുകളിലുടെ മാത്രം അറിഞ്ഞിരുന്നൊരു മഹാ സംഭവത്തിന്റെ ചരിത്രവശേഷിപ്പിന്റെ ഓര്‍മയ്ക്കായി. പിന്നെ മടക്കയാത്ര- സന്തോഷത്താല്‍ നിറഞ്ഞ മനസ്സും വീണ്ടും വേണ്ടി വരുന്ന ജീപുയാത്ര ഓര്‍ത്തുള്ള മടിയുമായി തിരികെ കൊല്ലുര്‍ക്ക്.

Tuesday, February 9, 2010

സ്വപ്നം

വെളുത്ത ശാന്തമായ ആകാശത്തില്‍ ചുവപ്പുരാശിയാര്‍ന്ന ഒരു മേഘകീറ്. ജനാലയിലൂടെ കണ്ണിലെത്തിയ ചുവപ്പുനിറം തന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു ഞാന്‍. ക്രമേണ ആ ചുവപ്പുനിറം വളര്‍ന്നു , അനുനിമിഷം വളരുന്നൊരു ഭീതി എന്നെയും കീഴടക്കി. ഭീമാകാര രൂപം പൂണ്ട മേഘം ജനാലയിലൂടെ എന്റെ അടുത്തെത്തി. തടുക്കാനാവാത്ത ഒരു പ്രേരണ എന്നെ ആ മേഘത്തിനുള്ളിലെത്തിച്ചു. അവിടെ ഞാന്‍ എന്നെ കണ്ടു. നേര്‍ത്ത വസ്ത്രത്തിലൂടെ ഉന്തിയുയര്‍ന്നു നില്‍ക്കുന്ന ഉദരം,മയങ്ങുന്ന കണ്ണുകള്‍ , നെറ്റിയിലും മേല്‍ച്ചുണ്ടിലുംതങ്ങി നില്‍ക്കുന്ന വിയര്‍പ്പുകണങ്ങള്‍ , മുഖത്തെ ക്ഷീണം . എന്റെ നിയന്ത്രണത്തിനതീതമായി എന്റെ കൈകള്‍ ചലിച്ചു , നേരീയ വസ്ത്രം മാറി. വെളുത്ത വയറില്‍ തെളിഞ്ഞു നില്‍ക്കുന്ന നീല ഞരമ്പുകള്‍ -ഒരു നിമിഷം, ഞാന്‍ മറഞ്ഞു. പിന്നെ അരുമയാര്‍ന്നൊരു പെണ്‍കുഞ്ഞ് നീണ്ട കണ്‍പീലികള്‍. ഇളം ചുവപ്പാര്‍ന്ന ചുണ്ടുകള്‍ പിളുര്‍ത്തി അവള്‍ കരഞ്ഞു. വാരിയെടുത്തു ഞാന്‍ മറോടമാര്‍ത്തി തൂവല്‍ പോലെ മിനുസമാര്‍ന്ന പിഞ്ചു മേനി എന്റെ മാറിലമര്‍ന്നപ്പോള്‍ മനസ്സും മാറുംചുരന്നു. ചെഞ്ചോരി വായെന്റെ മാറിലമാര്‍ത്തി അവള്‍ നുണഞ്ഞു. എന്റെ മകള്‍! ജീവരക്തം അമൃതാക്കി മാറ്റി നല്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍.
ഞാന്‍ ഉണര്‍ന്നു. ആ സ്വപ്നം , എന്നില്‍ നിന്നും അടര്‍ന്നു പോയൊരാ സ്വപ്നം , മനസ്സിന്റെ നിലവറയിലെവിടെയോ കൊതി തീരത്തൊരു മാതൃത്വം എന്നെ അസ്വസ്ഥയാക്കുന്നു . അമ്മയാകാനുള്ള വെമ്പല്‍. എന്തിനിനിയും മോഹിക്കുന്നു. അറിയില്ല. മാതൃത്വം എന്തെന്നറിയിച്ച ജീവനാളം എന്നില്‍ നിന്നകന്നിട്ടും തോരാത്ത കണ്ണുമായി അവനെ കാത്തിരിക്കുമ്പോഴും മനസ്സിലുറങ്ങുന്ന ഈ മോഹം ഇടയ്ക്കിടെ ഒാര്‍മയിലെത്തി നോക്കുന്നതെന്തിനായാണ്‌ .