Sunday, March 28, 2010

നിനവിലൊരു കനവ്‌

പതിയെ പതിയെ സ്നേഹത്തിന്റെ ഉത്തുംഗ ശ്രുംഗങ്ങളിലെക്ക് ഒരു തൂവലായി ഉയരവേ, കാതുകളില്‍ പതിയ്ക്കുന്ന അമൃത ധാരയില്‍ ബോധത്തിന്റെ ഓരോ കണികയും മുഴുകിയിരുന്ന നിമിഷങ്ങള്‍ , ഉന്മാദമോ ലഹരിയോ എന്നൊന്നും തിരിച്ചറിയാനാവാതെ എന്നെ എന്നില്‍ അവശേഷിപ്പിക്കാതെ അലിയവെ കണ്ണുകളിലേക്ക് ഒരു സുവര്‍ണ്ണ ശോഭ ഒഴുകിയെത്തി . ചേതനയുടെ അറിയാത്ത ബിന്ദുക്കളെ ഉണര്‍ത്തിയ സ്വര്‍ണപ്രഭ . കണഞ്ചിപ്പിക്കുന്ന തിളക്കമല്ല, കാഴ്ച്ചയില്‍ എല്ലാത്തിനെയും മൂടുന്ന സുന്ദരമായ ശാന്ത പ്രകാശം. അതില്‍ പൈന്‍മരത്തിന്റെ ഇലകളുടെയെന്ന പോലൊരു പച്ചപ്പ്‌ . അതിനിടയില്‍ തെളിഞ്ഞു നിന്നൊരു മരകൊംബ്. ഇളം കറുപ്പായ മിനുസമുള്ള ചുള്ളികംബുകള്‍ കൊണ്ട് തീര്‍ത്ത ഒരു കിളികൂട്. കൂര്‍ത്ത കുഞ്ഞിച്ചുണ്ടുള്ള , മനോഹരമായ മഞ്ഞ നിറത്തിലുള്ള ചുറ്റും വരതീര്‍ത്ത പോലെയുള്ള കണ്ണുകളോടെ , തവിട്ടു നിറമാര്‍ന്ന ഒരാങ്കിളി തനിയെ ആ കൂട്ടില്‍. തവിട്ടിനിടയില്‍ കറുത്ത തൂവലുകളും ഒതുക്കിവച്ച ചിറകില്‍ തെളിഞ്ഞു കണ്ടു. എന്നെ വിളിക്കുന്നു ..........അരികിലേക്ക് .... ആ ക്ഷണം , അതിന്റെ മോഹിപ്പിക്കുന്ന ആകര്‍ഷണം, എല്ലാത്തിനും ഒരു പശ്ചാത്തല ഗീതം പോലെ നീണ്ടു നേര്‍ത്ത വരകളായി മൂടുന്ന സ്വര്‍ണപ്രകാശം. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലെ മായയോ, ബോധമനസ്സിലെ ഭാവനാതീതമായ കാഴ്ചയോ ........ എന്തായിരുന്നു അത്? എന്റെ മനസ്സിനെ സമൂലം അഴ്ത്തികളഞ്ഞ ആ ദൃശ്യം , അതില്‍ നിന്നും പിന്തിരിയാന്‍ മടിക്കുന്ന ഹൃദയം, ഉള്ളാകെ നിറഞ്ഞു കവിയുന്ന അലൌകികമായ ശാന്തി- എന്താണീ അനുഭവം? തിക്കിതിരക്കിയ മനസ്സ് . എന്തേ അവിടെയ്കെത്താതെ പോയത്? ഒരു നിമിഷാര്ഥത്തിലെ മഹാത്ഭുതം എന്തേ എന്നെ പിന്തുടരുന്നത് ?

1 comment:

  1. unable to post comment in Malayalam.

    i have no comments morethan the comments posted by the Mr.Radhakrishnan.
    Almost all the articles are projects her negetive approach to life and negative emotions...
    why you r thinking like that... look the people who are no shelter to even sleep....

    ReplyDelete