Monday, December 14, 2009

നഷ്ടം

മനസിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍‌പ്പീലി ഒളിച്ചുവച്ചു....
പണ്ടല്ല,ഇന്നും ഞാനെന്റെ മനസിന്റെ താളുകള്‍ക്കിടയില്‍ ഒരു മയില്‍‌പ്പീലി സൂക്ഷിച്ചു-ആരെയും അറിയിക്കാതെ,ആരും കാണാതെ ഞാനെന്റെ പ്രിയപ്പെട്ട നിധി ഒളിപ്പിച്ചു. മഴവില്‍ വര്‍ണങ്ങളില്‍ ഞാന്‍ എന്നെ മറന്നു ,സ്വപ്‌നങ്ങള്‍ നെയ്തു ,എല്ലാം മറന്നു സങ്കല്‍പ്പ ലോകങ്ങളില്‍ പറന്നു നടന്നു. അഹങ്കരിക്കയായിരുന്നു ഞാന്‍. എന്റെ മയില്‍പ്പീലിയുടെ മാരിവില്‍ വര്‍ണത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നാള്‍ മയില്‍പ്പീലിയെ തേടി ഒരു കാറ്റ് വന്നു. ആഞ്ഞു വീശിയ കാറ്റില്‍ താളുകള്‍ ഉലഞ്ഞു. നിറം മങ്ങിയ സ്വപ്നങ്ങളും ചിതറിയ സങ്കല്പങ്ങളും ഉലഞ്ഞ താളുകളില്‍ ബാക്കിയാക്കി മയില്‍‌പ്പീലി കാറ്റിനൊപ്പം പറന്നകന്നു.
......ഓര്‍മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം.....

Wednesday, December 9, 2009

ഭ്രാന്ത്‌

ഒരിടവേള -എന്നെ കണ്ടെത്താന്‍ ഒന്നു ശ്രമിക്കട്ടെ -എന്താണ് ഞാന്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കുറെ വിഹ്വലതകള്‍, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍, ഹൃദയത്തെ മദിക്കുന്ന വേദനകള്‍,ആഗ്രഹങ്ങള്‍ തമ്മിലുള്ള സംഘട്ടനം, ബന്ധനങ്ങളെ തകര്‍ക്കാന്‍ വെമ്പുന്ന മനസ് -ഇതെല്ലാമാണ് ഞാന്‍. ജീവിതം ലക്ഷ്യബോധമില്ലാതെ മുന്നേറുന്നു . നഷ്ടപെടലിന്റെയും നേട്ടങ്ങളുടെയും നടുവിലൊരു സമസ്യയായി സന്തോഷം. സൌഹൃദങ്ങളില്‍ ഞാന്‍ എങ്ങനെയാണു നീതി പാലിക്കേണ്ടത് - എന്റെ പ്രണയം നഷ്ട്ടപ്പെടു ത്തിയോ അതോ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തിയോ - തീരുമാനമെടുക്കുക എത്ര ദുഷ്ക്കരം.
മുഖം മൂടികളില്‍ നഷ്ട്ടപ്പെടുന്ന സ്വത്വം എങ്ങനെ വീണ്ടെടുക്കാന്‍ കഴിയും . എങ്ങെനെവീണ്ടും എന്നെ എനിക്ക് വീണ്ടെടുക്കാന്‍ ആകും . ആരാണ് ഞാന്‍ അല്ലെങ്കില്‍ എന്തിനാണു ഞാന്‍. ഉത്തരം കിട്ടാത്ത എത്രെയെത്ര ചോദ്യങ്ങള്‍ .