Tuesday, May 11, 2010

ഇനി ശാന്തി മാത്രം!

മറികടക്കാന്‍ കഴിയാത്തൊരു നിമിഷം

കാതില്‍ മുഴങ്ങുന്ന ആക്രോശങ്ങള്‍

തലച്ചോറില്‍ അഗ്നിപര്‍വതമിരംബുന്നു

കണ്മുന്നില്‍ തെളിയുന്ന കങ്കാ  നൃത്തങ്ങള്‍

ഹൃദയത്തിലുയരുന്ന പെരുമ്പറ ധ്വനി

പ്രിയനേ, നീയാം സുരക്ഷക്കായി

എന്റെ ആത്മാവു കൊതിക്കുന്നു.

നിന്നരുകിലെത്താന്‍ ഞാന്‍ തുടിക്കുന്നു

ഇടംകൈത്തണ്ടില്‍ അമര്‍ന്നിറങ്ങുന്ന

മിനുസമാര്‍ന്ന മൂര്‍ച്ചയുള്ള തണുപ്പ്‌.

നിനയ്ക്കാതെയെത്തിയ  സ്വാതന്ത്ര്യത്തില്‍

ഒട്ടൊന്നു പകച്ച് 

കുതിച്ചൊഴുകുന്ന രുധിര രേണുക്കള്‍

പടരുന്ന കുങ്കുമ വർ ണത്തോടൊപ്പം

പ്രജ്ഞ തന്‍ തിരശ്ശീലയില്‍

ക്രമം തെറ്റിയോടുന്ന ഒരായിരം രംഗങ്ങള്‍.

പരിചിത മുഖങ്ങള്‍ , അപരിചിത മുഖങ്ങള്‍.

ചിരിക്കുന്ന, ചിന്തിക്കുന്ന

കരയുന്ന, കളിയാക്കുന്ന

സ്നേഹിക്കുന്ന, വെറുക്കുന്ന മുഖങ്ങള്‍!

ചിതറുന്ന ചിന്തകള്‍, മങ്ങുന്ന മുഖഛ യകള്‍

പിന്നെ, പതിയെ ശൂന്യമായ തിരശ്ശീലയില്‍

നിറഞ്ഞതൊരു നരച്ച വെളുപ്പു മാത്രം.

വെളുപ്പു കറുപ്പിലേക്കലിയവേ

പ്രിയനേ, നിന്റെ സാന്നിധ്യം ഞാനറിയുന്നു

നിന്റെ തണുത്ത കരങ്ങള്‍ എന്നെ വലയം ചെയുന്നതു ഞാനറിയുന്നു

നിന്റെ മാറിന്റെ സുരക്ഷ ഞാനറിയുന്നു

നിന്റെ ശീതനിശ്വാസം എന്നെ തഴുകുന്നതു ഞാനറിയുന്നു

നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരുന്നതും ഞാനറിയുന്നു

ഇനി എനിക്കു ശാന്തി മാത്രം!

Saturday, April 24, 2010

ഞങ്ങളുടെ ഏല

ബാല്യകാലത്തിന്റെ ഓര്‍മകള്‍ക്ക് ഒപ്പം ലയിച്ചു ചേര്‍ന്നൊരു രൂപം , ഞൊറി വീണ തൊലിയും മുറുക്കാന്‍ ഒതുക്കിയ വായ കൊണ്ടുള്ള നിറമുള്ള ചിരിയും -കറുത്ത പശ്ചാത്തലത്തില്‍ ചിരിക്കൊരു പ്രത്യേക ഭംഗിയായിരുന്നു. തൂങ്ങിയാടുന്ന കാതുകളും മൂക്കിനിരുവശത്തും മിന്നുന്ന മൂക്കുത്തികളും കണ്ണില്‍ നിറയുന്ന സ്നേഹവും- അതാണ് ഞങ്ങളുടെ ഏല.


പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന സമയത്ത് സ്കൂളിലേക്ക് ഉച്ചഭക്ഷണം കൊണ്ട് വരുന്നതും വൈകിട്ട് സ്കൂളിനടുത്തുള്ള വല്യച്ഛന്റെ വീടിലേക്ക്‌ കൂട്ടികൊണ്ട് പോകുന്നതും ഏല ആയിരുന്നു. ഞങ്ങളെക്കാള്‍ അല്പം കൂടി പൊക്കം ,തമിഴ് ഭാഷണം, ഞാന്നു കിടക്കുന്ന കാതുകളിലെ ഭാരമുള്ള കമ്മലുകളുടെ തൂങ്ങിയാട്ടം- ഞാന്നു കിടക്കുന്ന കാതുകളില്‍ കൈകടത്തി കളിയ്ക്കാന്‍ ഞങ്ങള്‍ക്ക് വലിയ രസമായിരുന്നു-രണ്ടു കൈകളിലും തൂക്കിയിട്ട കുട്ടികളുടെ സ്കൂള്‍ ബാഗുകളുമായി ചേലയുടുത്തോരമ്മ -ഇതാണ് മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഏലയുടെ രൂപം. അവര്‍ ഞങ്ങളെ ഏല എന്ന് വിളിച്ചു. ഞങ്ങള്‍ അവരെയും ഏല എന്ന് വിളിച്ചു. അവരുടെ ശരിയായ പേര് എനിക്കിന്നും അറിയില്ല, ഏല എന്ന വിളിയുടെ അര്‍ത്ഥവും.


അച്ഛന്റെ അമ്മയുടെ സഹായിയായിരുന്നു ഏല. അവര്‍ വിധവയായിരുന്നു . അവരുടെ ഏറ്റവും ഇളയ മകളെ എന്റെ അമ്മൂമ്മയായിരുന്നു വളർത്തിയിരുന്നതെന്ന് എന്ന് പറയാം. അമ്മൂമ്മയുടെയും പിന്നീട് അവരുടെ മരുമകളായി എത്തിയ എന്റെ വല്യമ്മയുടെയും സഹായിയായും സഹകരിയായും രണ്ടുപേരും വീട്ടിലുണ്ടാവും. ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ട് വരുന്നത് ഏലയായിരുന്നു. ചുറ്റുവട്ടങ്ങളിലുള്ള കുറെ കൊച്ചു കുട്ടികള്‍, അവരുടെയൊക്കെ ബാഗും പെട്ടിയുമൊക്കെ ഏലയുടെ കൈയില്‍ . വന്‍സംഘത്തെ യാതൊരു പ്രയാസവും കൂടാതെ റോഡിനോരം ചേര്‍ത്ത് നിയന്ത്രിച്ചു നടത്തിയിരുന്ന ഏലയുടെ കഴിവോര്‍ത്തു എനിക്കിന്ന് അത്ഭുതം തോന്നുന്നു. ഒന്നിനോടൊപ്പം ഒരു കുട്ടി കൂടെയായാല്‍ റോഡിലിറങ്ങിയാല്‍ എനിക്കിപ്പോഴും ഉള്ളിലൊരു കാളലാണ്. ഇത്രയും പേരെ ഒന്നിച്ചു "ഏല പാത്തു പോ, ഓരം പോ " ഇങ്ങനെ വിളിച്ചു പറഞ്ഞു നിയന്ത്രിച്ചു ഞങ്ങളെയെല്ലാം സുരക്ഷിതരായി ഏല വീട്ടിലെത്തിക്കും.


പ്രൈമറി സ്കൂള്‍ കഴിഞ്ഞതോടെ വല്യച്ഛന്റെ വീട്ടിലേക്കു പോകുന്നത് കുറഞ്ഞു വന്നു, ഏലയെ കാണുന്നതും. എങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോള്‍ ഞൊറിവീണ കൈകള്‍ കൊണ്ട് കവിളിലോ കൈയിലോ പിടിച്ചു ഏല ചോദിക്കും" ഏല എപ്പെടിയിരുക്ക് , നല്ലയിരുക്കിയാ ". ചിരിച്ച മുഖത്തോടെ അല്ലാതെ ഏലയെ ഞാന്‍ കണ്ടിട്ടേയില്ല. പരാതിയും പരിഭവവും പറഞ്ഞു കേട്ടിട്ടുമില്ല. പക്ഷെ ഒരുപാടു വിഷമതകള്‍ സഹിച്ച ഒരു സ്ത്രീയാണ് അവരെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.ഇളയ മകളുടെ കല്യാണം അവരുടെ സ്വപ്നവും ഭീതിയും ആയിരുന്നു. വല്യച്ഛന്റെ വീട്ടുകാരുടെ സഹായം ആണ് അവര്‍ക്ക് ഉണ്ടായിരുന്ന ഏക ആശ്രയം. മകളുടെ വിവാഹത്തിനായി അമ്മയും എന്തെങ്കിലുമൊക്കെ സ്വരുകൂട്ടിയിരിക്കാം. എങ്കിലും മൂത്ത പെണ്മക്കളുടെ കല്ല്യാണത്തിന്റെയും മറ്റും കടവും ചെറിയ വരുമാനവും അവരുടെ മനസ്സിന്റെ ശാന്തിയെ കെടുത്തിയിരുന്നു.


അമ്മൂമ്മ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ തല്പരയായിരുന്നു. ഒരു ഇടത്തരം കൂട്ട് കുടുംബത്തിന്റെ നാഥനും വീട്ടിലെ ഏക വരുമാനക്കാരനുമായ വല്യച്ചന്‍ രണ്ടറ്റവും കൂടിമുട്ടിക്കാന്‍ പാടുപെടുന്നതറിയാവുന്ന അമ്മൂമ്മക്ക് ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാനല്ലേ കഴിയൂ. വല്യച്ഛന്റെ മകളുടെ വിവാഹത്തിന് ഏലയും മകളും സസന്തോഷം പങ്കെടുത്തിരുന്നു. അവളെക്കാള്‍ പ്രായമുള്ള സ്വന്തം മകളെ ഓര്‍ത്തു ഏലയുടെ മനസ്സ് നോന്തിരുന്നോ, അറിയില്ല. അത്രയും ചിന്തിക്കാന്‍ അന്ന് എനിക്ക് കഴിവുണ്ടയിരുന്നില്ല


എന്നാലും മകളുടെ വിവാഹം കാണാന്‍ ഏലയ്ക്ക് ഭാഗ്യമുണ്ടായി. ഏറെ ബുദ്ദിമുട്ടിയിട്ടാണെങ്കിലും
കുട്ടിയുടെ വിവാഹവും വല്യച്ചന്‍ നടത്തി , സ്വന്തം മകളുടെത്  പോലെ തന്നെ. പേരകുട്ടിയുടെ കളിചിരികളും ഏല കണ്ടു. ഒരുപാടു കുട്ടികളെ പേരകുട്ടികളായി കരുതിയ ഞങ്ങളുടെ സ്വന്തം ഏല.


വര്‍ഷങ്ങള്‍ പോകവേ , പ്രായത്തി ന്റെയും പക്വതയുടെയും ഭാരവുമേന്തി ജീവിത യാത്രയുടെ തിരക്കില്‍പ്പെട്ടു നട്ടം തിരിയുമ്പോള്‍ ഏലയും ഒരു മങ്ങിയ ചിത്രമായി മനസ്സിലെവിടെയോ പൊടിയിലാണ്ട് മറഞ്ഞു. പിന്നീടൊരിക്കല്‍ വീണ്ടുമാ വീട്ടില്‍ പോയപ്പോള്‍, വല്യമ്മയുമായി വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ഏലയുടെ മരണം ഒരു സാധാരണ വര്‍ത്തമാനമായി എന്റെ അറിവിലെത്തി. ഇനി ഞൊറി വീണ കൈകളുടെ തലോടല്‍ ഒരു ഓര്‍മ്മ മാത്രമാണെന്ന്, ഏല എന്ന സ്നേഹം നിറഞ്ഞ വിളി കേള്‍കില്ലെന്ന  തിരിച്ചറിവ് എന്നെ വീണ്ടും കുട്ടികാലതെത്തിച്ചു. അവിടെ സ്നേഹം നിറഞ്ഞ കണ്ണുകളും ചുവന്ന ചിരിയുമായി ഏല നില്പുണ്ട് , ഞങ്ങളുടെ ഏല!

Sunday, March 28, 2010

നിനവിലൊരു കനവ്‌

പതിയെ പതിയെ സ്നേഹത്തിന്റെ ഉത്തുംഗ ശ്രുംഗങ്ങളിലെക്ക് ഒരു തൂവലായി ഉയരവേ, കാതുകളില്‍ പതിയ്ക്കുന്ന അമൃത ധാരയില്‍ ബോധത്തിന്റെ ഓരോ കണികയും മുഴുകിയിരുന്ന നിമിഷങ്ങള്‍ , ഉന്മാദമോ ലഹരിയോ എന്നൊന്നും തിരിച്ചറിയാനാവാതെ എന്നെ എന്നില്‍ അവശേഷിപ്പിക്കാതെ അലിയവെ കണ്ണുകളിലേക്ക് ഒരു സുവര്‍ണ്ണ ശോഭ ഒഴുകിയെത്തി . ചേതനയുടെ അറിയാത്ത ബിന്ദുക്കളെ ഉണര്‍ത്തിയ സ്വര്‍ണപ്രഭ . കണഞ്ചിപ്പിക്കുന്ന തിളക്കമല്ല, കാഴ്ച്ചയില്‍ എല്ലാത്തിനെയും മൂടുന്ന സുന്ദരമായ ശാന്ത പ്രകാശം. അതില്‍ പൈന്‍മരത്തിന്റെ ഇലകളുടെയെന്ന പോലൊരു പച്ചപ്പ്‌ . അതിനിടയില്‍ തെളിഞ്ഞു നിന്നൊരു മരകൊംബ്. ഇളം കറുപ്പായ മിനുസമുള്ള ചുള്ളികംബുകള്‍ കൊണ്ട് തീര്‍ത്ത ഒരു കിളികൂട്. കൂര്‍ത്ത കുഞ്ഞിച്ചുണ്ടുള്ള , മനോഹരമായ മഞ്ഞ നിറത്തിലുള്ള ചുറ്റും വരതീര്‍ത്ത പോലെയുള്ള കണ്ണുകളോടെ , തവിട്ടു നിറമാര്‍ന്ന ഒരാങ്കിളി തനിയെ ആ കൂട്ടില്‍. തവിട്ടിനിടയില്‍ കറുത്ത തൂവലുകളും ഒതുക്കിവച്ച ചിറകില്‍ തെളിഞ്ഞു കണ്ടു. എന്നെ വിളിക്കുന്നു ..........അരികിലേക്ക് .... ആ ക്ഷണം , അതിന്റെ മോഹിപ്പിക്കുന്ന ആകര്‍ഷണം, എല്ലാത്തിനും ഒരു പശ്ചാത്തല ഗീതം പോലെ നീണ്ടു നേര്‍ത്ത വരകളായി മൂടുന്ന സ്വര്‍ണപ്രകാശം. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലെ മായയോ, ബോധമനസ്സിലെ ഭാവനാതീതമായ കാഴ്ചയോ ........ എന്തായിരുന്നു അത്? എന്റെ മനസ്സിനെ സമൂലം അഴ്ത്തികളഞ്ഞ ആ ദൃശ്യം , അതില്‍ നിന്നും പിന്തിരിയാന്‍ മടിക്കുന്ന ഹൃദയം, ഉള്ളാകെ നിറഞ്ഞു കവിയുന്ന അലൌകികമായ ശാന്തി- എന്താണീ അനുഭവം? തിക്കിതിരക്കിയ മനസ്സ് . എന്തേ അവിടെയ്കെത്താതെ പോയത്? ഒരു നിമിഷാര്ഥത്തിലെ മഹാത്ഭുതം എന്തേ എന്നെ പിന്തുടരുന്നത് ?

Thursday, March 25, 2010

ലക്‌ഷ്യം

സന്ദേഹങ്ങളുടെ അടികാണാ കയങ്ങളില്‍
കാലുറയ്ക്കാതെ ശ്വാസത്തിനായി
പിടയുന്ന മനസ്സ് .
മുറുകുന്ന അഴിയാക്കുരുക്കുകള്‍ .
അന്ധകാരം എന്നെ പൊതിയുന്നു
ഉലയുന്നൊരു ചെറു നാളമായി മോഹം
തേടുന്നതൊക്കെയും മരീചികകള്‍ മാത്രം.
കൈകോര്‍ക്കുന്ന സൗഹൃദങ്ങള്‍
അകലെയെവിടെയോ മറഞ്ഞു
തളരുന്ന ശരീരത്തില്‍ ദ്രവിക്കുന്ന മനസ്സ്
എത്തിപെടനാകാത്ത തുരുത്തുകളില്‍
എവിടെയോ ലക്‌ഷ്യം മറഞ്ഞിരിക്കുന്നു
പൊരുതുവാന്‍ കഴിയാതെ
കീഴടങ്ങാന്‍ മാത്രമായി
ഒരു ശത്രുവിനെ ഞാന്‍ തിരയുന്നു.

Wednesday, March 3, 2010

മടുപ്പ്

മഞ്ഞിന്റെ നരച്ചൊരു വെളുപ്പാണ്‌ മനസ്സില്‍ നിറയുന്നത്. മരവിപ്പ് മനസ്സിനെ കീഴ്പ്പെടുത്തുന്നു. അനന്തമായൊരു ശൂന്യതയിലേക്ക് എത്തി പെടുന്നത് പോലെ. ഭാവനയില്‍ അലയുന്നതിനും സ്വപ്നം കാണാനുമുള്ള കഴിവ് എനിക്ക് നഷ്ടപെടുകയാണ് എന്ന് തോന്നുന്നു. ലക്ഷ്യമില്ലാതെയുള്ള ഈ യാത്രയില്‍ എന്റെ ആശ്രയം സ്വപ്നങ്ങളില്‍ സ്വയം നഷ്ടമാകാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. എന്തേ എല്ലാറ്റിനോടും മടുപ്പ് തോന്നാന്‍? ഉള്ളില്‍ കാത്തുവച്ചിരുന്ന പ്രണയം പോലും എനിക്ക് അന്യമാവുകയാണോ?എന്റേതല്ലാത്ത ഒരു വ്യക്തിത്വത്തിലേക്ക് ഞാന്‍ മാറുകയാണോ? ഒരു വിളിപ്പാടകലെ നില്‍ക്കുന്ന നിത്യ കാമുകനോടുള്ള പ്രണയം വീണ്ടും തീവ്രം ആകുന്നു, മരണത്തിനോടുള്ള ഒടുങ്ങാത്ത ആകര്‍ഷണം. ആ തണുത്ത കരങ്ങളുടെ സ്പര്‍ശമേല്‍ക്കാന്‍, മറവിയിലേക്ക് മറയാന്‍ വെറുതെ മോഹിച്ചു പോകുന്നു. അദൃശ്യമായ ചങ്ങലകള്‍ എന്നെ ചുറ്റി വരിഞ്ഞിട്ടുള്ളത് മറക്കാതെയല്ല, എന്നിട്ടും ഹേ അദൃശ്യ കാമുകാ ഞാന്‍ നിന്‍ അരികിലെത്താന്‍ കൊതിക്കുന്നു

Monday, February 22, 2010

കുടജദ്രിയിലെക്കൊരു യാത്ര

കൊല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെയാണ് കുടജാദ്രി മലകളില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജ്ഞാനപീഠം, ശ്രീശങ്കരാചാര്യരുടെ തപസ്ഥലം. സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിനാന്നൂറടി ഉയരത്തില്ലാണ് ആയിരത്തി ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള ഈ പുണ്യസ്ഥാനം.കൊല്ലൂരില്‍ നിന്നും ഇവിടേയ്ക്ക് ജീപ്പ് സര്‍വീസ് ലഭ്യമാണ്. പത്തു പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഒരു ജീപ് വാടകയ്ക്കെടുത്തു യാത്ര തിരിച്ചു. മലയാളികള്‍ ഒരുപാടുള്ള ഒരു പ്രദേശമാണ് കൊല്ലൂര്‍, ഞങ്ങളുടെ ജീപ്പ് ഡ്രൈവറും ഒരു മലയാളി ആയിരുന്നു.ഏതാണ്ട് പതിമൂന്നു കിലോമീടറോളം ടാര്‍ റോഡ്‌ ആണ് അതുകഴിഞ്ഞാല്‍ റോഡ്‌ എന്ന് പറയാന്‍ പോലുമാകാത്ത ഒരു വഴി. ഉന്തി നില്‍കുന്ന പാറകളുംപൂഴി മണ്ണും ഇടകലര്‍ന്ന വഴിയില്‍ പലപ്പോഴുംജീപ്പിന്റെ എല്ലാ ചക്രങ്ങളും തറയില്‍ തൊടുന്നു പോലുമുണ്ടായിരുന്നില്ല അസാമാന്യമായ പരിചയമുള്ളവര്‍ക്ക് മാത്രമേ ആ വഴിയിലൂടെ ജീപ്പ് ഓടിക്കാന്‍ പാടു എന്ന് വ്യക്തം. ചിലയിടങ്ങളില്‍ എത്തുമ്പോള്‍ ഊഞ്ഞലാടുന്നത് പോലെ യാണ് യാത്ര.വഴിയില്‍ ധാരാളം യാത്രക്കാര്‍ നടന്നു വരുന്നത് കാണാമായിരുന്നു ശങ്കര ക്ഷേത്രത്തിന്റെ നാലു കിലോമീടര്‍ താഴതെത്തിയപ്പോള്‍ ജീപ്പുയാത്ര അവസാനിച്ചു അവിടെ ദേവിക്ഷേത്രമുണ്ട് ,മൂകാംബികാ ക്ഷേത്രത്തിന്റെ മൂലസ്ഥാനം. അതിനടുത് തന്നെ കാലെശ്വര ക്ഷേത്രം. ദേവി വലിച്ചെറിഞ്ഞതെന്നു കരുതപെടുന്ന ഒരു ശൂലം ആ ക്ഷേത്രത്തില്‍ കാണാം,തുരുമ്പ് പിടിച്ചിട്ടില്ലാത്ത ഇരുമ്പ് ശൂലം-പ്രകൃതിത്തന്നെ കരുതിയിരിക്കുന്ന ഒരത്ഭുതം!
അവിടെ നിന്നുംമലകയറ്റം തുടങ്ങുന്നു, കുത്തനെയുള്ള കയറ്റവും ഉരുളന്‍ കല്ല്‌ നിറഞ്ഞ വഴിയും യാത്ര സാഹസികമാക്കുന്നു .കാലൊന്നു തെന്നിയാല്‍ - ആ ചിന്ത പോലും ഭയം ജനിപ്പിക്കുന്നതാണ് . എങ്കിലും
ഇരുവശത്തെയും കാഴ്ചകള്‍ അതീവ ഭംഗിയാര്‍ന്നവ ആയതിനാലാവാം ഭയം തോന്നിയതേയില്ല . പകുതി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ പഞ്ചമുഖ ഗണപതി പ്രതിഷ്ഠയുള്ള ഒരു ഗുഹ, പതിവായി പൂജയും ഉണ്ടാകാറുണ്ട്. അവിടെ നാരങ്ങ വെള്ളവും സലാട് വെള്ളരിയും സംഭാരവും വില്കാന്‍ നില്‍ക്കുന്ന ഒരാളെ കണ്ടു, കയറ്റം കയറി തളര്‍ന്നെതിയപ്പോള്‍ ആശ്വാസം നല്‍കിയ കാഴ്ച തന്നെ ആയിരുന്നത് .തളര്‍ച്ച മാറ്റി വീണ്ടും മല കയറി, കുറെ കൂടി കുത്തനെയുള്ള കയറ്റമായിരുന്നു അവിടുന്നങ്ങോട്ട്. പിന്നെ പൊടുന്നനവേ ജ്ഞാനപീഠം മുന്നില്‍ കാണാം ആയിരത്തി ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ആ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ എന്ത് വികാരമാണ് ഉള്ളില്‍ തിരതള്ളിയതെന്നു പറയാന്‍ പറ്റുന്നില്ല, അത്ഭുതം, സന്തോഷം, അവിശ്വാസം, അഭിമാനം അങ്ങനെ ഒരു നൂറായിരം വികാരങ്ങള്‍. ക്ഷേത്ര പൂജാരി നല്‍കിയ പൂവും ഭസ്മവും ഒരു നിധി കിട്ടിയ സന്തോഷത്തോടെ ഞാന്‍ വാങ്ങി,വാക്കുകളിലുടെ മാത്രം അറിഞ്ഞിരുന്നൊരു മഹാ സംഭവത്തിന്റെ ചരിത്രവശേഷിപ്പിന്റെ ഓര്‍മയ്ക്കായി. പിന്നെ മടക്കയാത്ര- സന്തോഷത്താല്‍ നിറഞ്ഞ മനസ്സും വീണ്ടും വേണ്ടി വരുന്ന ജീപുയാത്ര ഓര്‍ത്തുള്ള മടിയുമായി തിരികെ കൊല്ലുര്‍ക്ക്.

Tuesday, February 9, 2010

സ്വപ്നം

വെളുത്ത ശാന്തമായ ആകാശത്തില്‍ ചുവപ്പുരാശിയാര്‍ന്ന ഒരു മേഘകീറ്. ജനാലയിലൂടെ കണ്ണിലെത്തിയ ചുവപ്പുനിറം തന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു ഞാന്‍. ക്രമേണ ആ ചുവപ്പുനിറം വളര്‍ന്നു , അനുനിമിഷം വളരുന്നൊരു ഭീതി എന്നെയും കീഴടക്കി. ഭീമാകാര രൂപം പൂണ്ട മേഘം ജനാലയിലൂടെ എന്റെ അടുത്തെത്തി. തടുക്കാനാവാത്ത ഒരു പ്രേരണ എന്നെ ആ മേഘത്തിനുള്ളിലെത്തിച്ചു. അവിടെ ഞാന്‍ എന്നെ കണ്ടു. നേര്‍ത്ത വസ്ത്രത്തിലൂടെ ഉന്തിയുയര്‍ന്നു നില്‍ക്കുന്ന ഉദരം,മയങ്ങുന്ന കണ്ണുകള്‍ , നെറ്റിയിലും മേല്‍ച്ചുണ്ടിലുംതങ്ങി നില്‍ക്കുന്ന വിയര്‍പ്പുകണങ്ങള്‍ , മുഖത്തെ ക്ഷീണം . എന്റെ നിയന്ത്രണത്തിനതീതമായി എന്റെ കൈകള്‍ ചലിച്ചു , നേരീയ വസ്ത്രം മാറി. വെളുത്ത വയറില്‍ തെളിഞ്ഞു നില്‍ക്കുന്ന നീല ഞരമ്പുകള്‍ -ഒരു നിമിഷം, ഞാന്‍ മറഞ്ഞു. പിന്നെ അരുമയാര്‍ന്നൊരു പെണ്‍കുഞ്ഞ് നീണ്ട കണ്‍പീലികള്‍. ഇളം ചുവപ്പാര്‍ന്ന ചുണ്ടുകള്‍ പിളുര്‍ത്തി അവള്‍ കരഞ്ഞു. വാരിയെടുത്തു ഞാന്‍ മറോടമാര്‍ത്തി തൂവല്‍ പോലെ മിനുസമാര്‍ന്ന പിഞ്ചു മേനി എന്റെ മാറിലമര്‍ന്നപ്പോള്‍ മനസ്സും മാറുംചുരന്നു. ചെഞ്ചോരി വായെന്റെ മാറിലമാര്‍ത്തി അവള്‍ നുണഞ്ഞു. എന്റെ മകള്‍! ജീവരക്തം അമൃതാക്കി മാറ്റി നല്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍.
ഞാന്‍ ഉണര്‍ന്നു. ആ സ്വപ്നം , എന്നില്‍ നിന്നും അടര്‍ന്നു പോയൊരാ സ്വപ്നം , മനസ്സിന്റെ നിലവറയിലെവിടെയോ കൊതി തീരത്തൊരു മാതൃത്വം എന്നെ അസ്വസ്ഥയാക്കുന്നു . അമ്മയാകാനുള്ള വെമ്പല്‍. എന്തിനിനിയും മോഹിക്കുന്നു. അറിയില്ല. മാതൃത്വം എന്തെന്നറിയിച്ച ജീവനാളം എന്നില്‍ നിന്നകന്നിട്ടും തോരാത്ത കണ്ണുമായി അവനെ കാത്തിരിക്കുമ്പോഴും മനസ്സിലുറങ്ങുന്ന ഈ മോഹം ഇടയ്ക്കിടെ ഒാര്‍മയിലെത്തി നോക്കുന്നതെന്തിനായാണ്‌ .

Saturday, January 2, 2010

യാത്ര തുടരുന്നു

വീണ്ടുമൊരു പുതുവര്‍ഷം. ഇന്നലകളുടെ തുടര്‍ച്ചയല്ലാതെ മറ്റെന്താണ് ഇത്. വേഷം മാറി രംഗത്തെത്തുന്ന പഴയ ചിന്തകള്‍, സങ്കല്‍പ്പങ്ങള്‍, ആഗ്രഹങ്ങള്‍,നിരാശകള്‍, വീണ്ടും ചില ഓര്‍മപ്പെടുത്തലുകള്‍ ഇന്നലെയെയും ഇന്നിനെയും എന്തിനായി വേര്‍തിരിക്കണം. ജീവിതം ആവര്‍ത്തനങ്ങള്‍ മാത്രം.
അനുഭവങ്ങള്‍ ജീവിതത്തെ മാറ്റുന്നു, പക്ഷെ ഒരു പരിധി വരെ മാത്രം. അരുതെന്ന തീരുമാനങ്ങള്‍ക്ക് അല്പനേരത്തെക്കെ ആയുസുള്ളൂ. മരീചികകളിലേക്ക് നീളുന്ന സ്വപ്നം നിറഞ്ഞ കണ്ണുകള്‍. ഞാന്‍ എന്ന വൃത്തത്തെ ചുറ്റുന്ന മനസ് . ജീവിതം
ഒരേ പാതകളിലൂടെ തന്നെ സഞ്ചരിക്കുന്നു. ലക്ഷ്യം എന്തെന്നറിയാത്ത ഈ യാത്ര തുടരുന്നു. കുഴയുന്ന കാലുകളും തളരുന്ന മനസും എന്തിനയോ യാത്ര തുടരുന്നു.