Thursday, August 31, 2017


                                      ആകെ തുക

അതിരുകളില്ലാത്ത 'അസീമാ' അവളായിരുന്നു
കൊടുംകാറ്റുലഞ്ഞ 'താത്തക്കുട്ടി'യും   അവളായിരുന്നു
ആകസ്മിക സൗഹൃദത്തിലെ 'ജിനൂസും' അവളായിരുന്നു
കുഞ്ഞു സന്തോഷങ്ങളുടെ 'ഇങ്ങളും' അവളായിരുന്നു
എല്ലാം പങ്കുവെച്ച   'പ്രണയിനി'യും അവളായിരുന്നു
മറക്കുമ്പോൾ തെളിയുന്ന 'കള്ളി'യും അവളായിരുന്നു
പക്ഷേ , അവളാരുമല്ലായിരുന്നു
ജാലകച്ചില്ലിലെ   പുറംകൈയാൽ തെറിപ്പിക്കും
നീർകണം മാത്രമായിരുന്നവൾ 

Tuesday, August 29, 2017                               സ്വപ്നം 


അന്നുതൊട്ടിന്നോളം ആ മധു സ്വപ്നമെൻ 
അകക്കണ്ണിൽ ഉദിച്ചു തിളങ്ങി നിന്നു 
ഒരു നുള്ളു സിന്ദൂരമായെൻ നെറുകയിൽ 
നീ പടരുന്നൊരു മധുര സ്വപ്നം 
തുടിക്കുന്ന നെഞ്ചിൽ ഒരു തൂവൽ പോലെനുടൽ 
ചേർന്നലിയുന്നരാ വർണ്ണ സ്വപ്നം 
മഴ പെയ്യും പാതയിൽ ചേർന്നലയുന്നൊരാ  
മൂവന്തിശോഭ പകർന്ന  സ്വപ്നം 
നല്ലിളളം പുല്ലിൻ മഞ്ഞുനനവിനാൽ 
ഉള്ളം കുളിർപ്പിക്കും ഹരിത സ്വപ്നം 
കുഞ്ഞിളം തൈകൾതൻ  കൊഞ്ചിച്ചിരികൾ 
പുൽകിയുണർത്തും  അരുമ സ്വപ്നം 
കൈയെത്താ ദൂരത്തായ് ജീവിതം നീട്ടുന്നു 
എന്നും കൊതിപ്പിക്കും മാരീച സ്വപ്നം 
  

Monday, June 19, 2017

വഴിമാറി നടന്നിരുന്നെങ്കിലും
പിന്തിരിഞ്ഞു പോയിരുന്നെങ്കിലും
എൻ്റെ  പാതതൻ  ഒടുക്കങ്ങളെന്നും
നിന്നിൽ മാത്രമെന്നറിയുന്നു
ഞാനും 
എന്നരുകിൽ നീയണയും നേരമെന്തേ
രാമഴക്കുളിരിനിത്രയും പൊള്ളും ചൂട് 

Monday, May 22, 2017

                                 തിമിരജാലകം 

 ജാലകച്ചില്ലിന്മേലെ കാഴ്ചകൾ മറയ്ക്കുന്ന 
തിമിരമാം അഴുക്കുകൾ തേച്ചു ഞാൻ കളയവേ 
നിരത്തിൻ  മറുവശം , തെളിഞ്ഞു ദൈന്യമാർന്ന 
തെരുവുബാല്യത്തിൻ്റെ ദീനാമം കൊച്ചു മുഖം 
നെഞ്ചൊട്ടി, വയറുന്തി, പിഞ്ചിയ കുപ്പായത്തി-
നുള്ളിൽ നിന്നൊരു ദീനാമം നോട്ടമെന്നിൽ 
തറച്ച നിമിഷത്തിൽ, ഓർത്തു പോയി ഞാനും 
തിമിരജാലകം തന്നെ ഉത്തമം,ബഹു കേമം !


കഷ്ടം, ഞാൻ വെടിപ്പാക്കി, കാഴ്ചകൾ 

തുറന്നിട്ട്,കാണാതിരിക്കുന്നതെങ്ങനെ ?
ആ കുഞ്ഞിക്കണ്ണുകൾ തറയ്ക്കുന്നത് കഷ്ടം,
നിശബ്ദ യാചനയിലൊരു കൊതിനോട്ടം.
കണ്ണാടിക്കൂടിനുള്ളിൽ ഇരിപ്പു മധുരമാം 
പലഹാരങ്ങളിലേക്ക് വിശപ്പിൻ നഗ്നനോട്ടം.
കാറിനുള്ളിലെ തണുപ്പിൽ നിന്നൊരു 'അമ്മ
തറവാടി,മാന്യ  തൻപൊന്നുമകനുമായ് 
പൊതികളോരോന്നായി കൂട്ടുന്നു വാങ്ങി 
പിന്നെ,കാറിനുള്ളിൽ കേറാനായി തുടങ്ങുന്നു 
ചിണുങ്ങുന്നു പുത്രൻ,ചൂണ്ടുന്നു വിലങ്ങാ 
കണ്ണാടിക്കൂട്ടിലെ പലഹാരത്തിനായ് 
മുത്തിൻറെ ശാഠ്യത്തിനെ കപടദേഷ്യത്താലമ്മ 
കിന്നരിച്ചോമനിച്  വാങ്ങിയും കൊടുക്കുന്നു 
വിശപ്പിന്റെ ഏറ്റത്താൽ  പാവം കുട്ടിയപ്പോൾ 
നാ നൊട്ടിനുണയുന്നു,കൊതിയോടതുപോൽ 
'അമ്മ കണ്ടതും തട്ടിക്കളഞ്ഞാപലഹാര-
മാക്രോശിക്കുന്നു തെണ്ടിപ്പിള്ളേർ തൻ കൊതി 
വേണ്ടായെന് മകനു, തരാം ഞാൻ വാങ്ങി 
വേറെ സ്ഥലത്തു പോയ് 
മണ്ണിൽ പുതഞ്ഞു കിടക്കുമാപലഹാര-
ത്തു ണ്ടിലേക്കവൻ വെമ്പലോടടുക്കുന്നു 

വേണ്ടയീ ജന്നൽ, എല്ലാം കാണും ജന്നൽ 

പൊടിപിടിക്കട്ടെ, മറയട്ടെ  കാഴ്ചകൾ 
തിരിഞ്ഞു ഞാനെൻ തുളുമ്പും 
മിഴിനീർ മറയ്ക്കും സ്വാസ്ഥ്യത്തിലേക്ക് . 

Saturday, August 13, 2016

Friday, August 12, 2016

നിതാന്തമായ തേടൽ എന്നും എന്നിട്ടും
ലക്ഷ്യങ്ങൾ ഒഴിവാക്കി തുടരും പ്രയാണം
പുണരും കരങ്ങൾ തൻ സുരക്ഷ മോഹിക്കും ഒരു നിമിഷം
ബന്ധനങ്ങൾ പൊട്ടിച്ചെറിയും
ആവേഗം മറു നിമിഷം
പ്രണയച്ചൂടിൽ ഉരുകിയലിയുമ്പോഴും
വാത്മീകത്തിൽ ഒളിക്കാൻ വെമ്പൽ
ഉള്ളിലെന്നും ദ്വന്ദ്വങ്ങളുടെ നിലയ്ക്കാത്ത യുദ്ധം