Tuesday, March 3, 2015

                                                            കാത്തിരിപ്പ്  
                            
                     ഒടുവിൽ ഒരു വിങ്ങലോടെ ഞാൻ തിരിച്ചറിയുന്നു എന്നിൽ നിന്നും അടർന്നു പോയൊരു ഭാഗം -ഞാൻ അപൂർണ്ണയാണ് .  നീണ്ട ആറു വർഷങ്ങള്‍ , അല്ല , നിമിഷങ്ങളേക്കാൾ വേഗത്തിൽ മാഞ്ഞുപോയ ആറു വർഷങ്ങള്‍, ജീവിതത്തിന്റെ പൂർണ്ണത അറിഞ്ഞ ദിവസങ്ങൾ ....എന്നിലൊരു ജീവൻ വളരുന്നുവെന്നറിഞ്ഞപ്പോൾ ആദ്യം തോന്നിയ വികാരം എന്തായിരുന്നു   വല്ലത്തോരങ്കലാപ്പായിരുന്നോ , വിശ്വസിക്കാനാവാത്ത ഒരത്ഭുതമായിരുന്നോ .  ഉള്ളിലെ തുടിപ്പ് എന്നിലൊരു ചൈതന്യമായി നിറഞ്ഞത് ഞാനറിഞ്ഞു .
                        ദിവസങ്ങൾ ,  പുതിയ വികാരങ്ങളുടെ , വിചാരങ്ങളുടെ, ഭാവനകളുടെ , അല്ലലുകളുടെ, ആശങ്കകളുടെ ദിവസങ്ങൾ .  ഉള്ളിലെ തുടിപ്പുകൾ, ചെറു ചലനങ്ങൾ - അവൻ എന്നുള്ളിലെ യാഥാർത്ഥ്യം ആണെന്ന ഓർമപ്പെടുത്തലുകൾ ആയിരുന്നു .  അതെ, എന്നുള്ളിൽ അവൻ രൂപം പ്രാപിച്ചു. അതവനാണെന്ന് എനിക്കുറപ്പായിരുന്നു.  ചലനങ്ങളിലൂടെ അവന്റെ സാന്നിധ്യം എന്റെ ഓരോ അണുവിലും നിറഞ്ഞു .  ഞാനൊരു കവിതയായി, അലയാഴിയായി , കടങ്കഥയായി, നോവുകളായി, ആനന്ദമായി ഞാനല്ലാതായി........
                          ഉദരത്തിലൂടെ നീങ്ങുന്ന  ചെറിയ മുഴുപ്പുകളിലൂടെ  ഞങ്ങൾ സംവദിച്ചു.  അവന്റെ കിന്നാരങ്ങൾ,കൊഞ്ചലുകൾ, പരിഭവങ്ങൾ, കുസൃതികൾ എല്ലാം ചലനങ്ങളിലൂടെ ഞാൻ അറിഞ്ഞു .  അവന്റെ കവിളിൽ ചിരിയ്കുമ്പോൾ തെളിയേണ്ടുന്ന നുണക്കുഴികൾ വരെ ആ ചലനങ്ങളിലൂടെ ഞാൻ അറിഞ്ഞു.  അവനെ കാണാൻ  കാത്തിരുന്ന ദിനങ്ങൾ -പകലുകൾ രാത്രിയാവാനും രാത്രികൾ പകലാവാനും തിരക്കിട്ടോടി.  ഒടുവിൽ നട്ടെല്ലിൽ നിന്നുയർന്ന തരിപ്പിലൂടെ അടിവയറ്റിലെ തിളയ്ക്കുന്ന വേദനയിലൂടെ അവനെന്നെ വേർപെടുന്നതും ഞാനറിഞ്ഞു .
                          അർദ്ധമയക്കത്തിലോ പകുതി ഉണർവിലോ ഞാൻ അവനെ കണ്ടു.  അവന്റെ ചുണ്ടുകൾ അമൃതിനായി എന്നെ തൊട്ടു.  നിരാശ കൊണ്ടാണോ പിണക്കം കൊണ്ടാണോ അവൻ മുഖം തിരിച്ചു.  ഇളം ചുവപ്പാർന്ന ചുണ്ടുകൾ , നനുത്ത കണ്‍പീലികൽ, നേർത്ത വിരലുകൾ , തേനൂറുന്നൊരു നനവ് എന്റെ നെഞ്ചിൽ പടർന്നു..അന്ധകാരം കണ്ണിൽ നിറഞ്ഞു.  പിന്നെ വിജയത്തിന്റെ, അഹങ്കാരത്തിന്റെ സന്തോഷത്തിന്റെ മിന്നൽപ്പിണരുകൾ എന്നിൽ നൃത്തം വയ്കുകയായി.....
                           പകൽ ഉറക്കവും രാത്രി ഉണർവുമായി അവനെന്നെ പരീക്ഷിച്ചു.  കുഞ്ഞിക്കൈകളാൽ എന്റെ ചുണ്ടിൽ ചിത്രം വരച്ചു...ഞാനൊരമ്മയായി, നിറവായി,പാലാഴിയായി.... കുഞ്ഞിപ്പലുകളുടെ ശൌര്യം അവനെന്നെ അറിയിച്ചു.  എന്റെ ലോകം എന്റെ മകനിലേക്ക്‌ ചുരുങ്ങി.  എന്റെ ശബ്ദം കേട്ട് അവൻ ചിരിക്കുമ്പോൾ, എന്നെ ചുറ്റിപ്പിടിച്ച് എന്റെ കവിളിൽ കടിയ്കുമ്പോൾ, എന്നെ കാണഞ്ഞു കരയുമ്പോൾ എന്നെ നോക്കി ചിരിക്കുമ്പോൾ എന്റെ മാതൃത്വം ധന്യമായി.  പിച്ചവെച്ചു നടക്കാൻ എന്റെ കൈകൾ അവൻ തുണയാക്കി. പിന്നെ എന്റെ കൈ വിട്ടു അകലേയ്ക്ക്, ഇടറി പതറി , കാലടി വച്ച്, ഇടയ്ക്കൊന്നു വീണു, ഒട്ടൊന്നു കരഞ്ഞ്, വീണ്ടും ചിരിച്ചു അവൻ നടന്നു...അവൻ വളർന്നു .
                            ഓരോ ദിനവും അവൻ വളർന്നു ..ഓരോ പുതിയ പാഠങ്ങൾ ഞാൻ പഠിച്ചു.   വാതിൽക്കൽ എന്റെ വരവും കാത്തു നില്ക്കുന്ന അവന്റെ മുഖം, ഓടിച്ചെന്നു പുണരാൻ വെമ്പി, വൈകുന്ന നിമിഷങ്ങളെ ശപിച്ചു ഞാൻ ഓടിയെത്തുമായിരുന്നു...ഞാൻ ആരെന്നും എന്തെന്നും ഞാനറിഞ്ഞ, അല്ലെങ്കിൽ ഞാൻ ആർക്കു  വേണ്ടി എന്ന് ഞാനറിഞ്ഞ ദിവസങ്ങൾ.   എന്റെ കൈയ്യിൽ തല ചായ്ക്കാതെ ഉറങ്ങില്ലെന്നുള്ള അവന്റെ ശാട്യം ഞാൻ സസന്തോഷം അനുവദിച്ചു.  അപ്പോഴും വിരലുകളാൽ അവനെന്റെ ചുണ്ടിനെ മുറിപ്പെടുത്തുമായിരുന്നു .
                             പിന്നെ ഒരു നാൾ കാർമേഘം നിറഞ്ഞ ഒരു ജീവിതം എനിയ്ക്കു ലഭിച്ചു.  അല്പദിവസത്തെയ്ക്ക് എന്ന് വിശ്വസിപ്പിച്ച് അവനെ എന്നിൽ നിന്നകറ്റി.  ഒരു നേരം കാണാതെ ഇരിക്കാൻ കഴിയാത്തവൻ എന്നെ മറക്കുമെന്ന് എനിക്ക് കരുതുവാൻ കഴിഞ്ഞില്ല.  പിന്നെ ഒരു നാൾ 'കാണണ്ട എനിയ്ക്ക് , എനിയ്കിഷ്ടമില്ല' എന്ന്  പറ ഞ്ഞതവൻ തന്നെയെന്നു, എന്റെ നീട്ടിയ കൈകളെ അവഗണിച്ചത്  അവൻ തന്നെയെന്നു അംഗീകരിക്കേണ്ടി വന്ന ദിവസം....
                                 എന്റെ മനസ്സിൽ ഒരു ശൂന്യത വളരുന്നു...എന്റെ ചേതനയിൽ ഒരു മുറിവുണ്ടാകുന്നു ....എന്റെ ഇടനെഞ്ചിൽ ഒരു നിശ്വാസം കുരുങ്ങുന്നു...കണ്ണുകളിൽ ചുടു രക്തം നിറയുന്നു....എന്റെ കണ്ണനെ തേടി ഞാനലയുന്നു.

2 comments:

  1. Kaviyude ullile maathruthawam athinte elllaa vaikarikathayodum koodi thirichariyaan kazhiyunnu...orikkalumm unangatha murivukalude vedhanayum...

    ReplyDelete
  2. Words are inadequate to express
    .nyz

    ReplyDelete