Friday, March 7, 2014

                      അകലങ്ങളിലെ  സ്പന്ദനം

            കുഞ്ഞുങ്ങളുടെ ,ആർത്തിയോടെ തുറന്നു കാണിക്കുന്ന കൊക്കുകളിലേക്ക്  ആ അമ്മ  സ്വന്തം കൊക്കിലൊതുക്കിയിരുന്ന ഭക്ഷണം ഇട്ടു കൊടുത്തു .  ഒരിക്കലും തീരാത്ത വിശപ്പു  കൊണ്ടോ അമ്മ തീറ്റയിലൂ ടെ പകരുന്ന സ്നേഹത്തിനായോ കുഞ്ഞുങ്ങൾ നിർത്താതെ ബഹളം  കൂട്ടികൊണ്ടിരുന്നു .  ആ അമ്മ തീറ്റ തേടി  വീണ്ടും ദൂരേയ്ക്ക്  പറന്നു. കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ പലവട്ടം അകലങ്ങളിലേയ്ക് പറക്കുമ്പോഴും  അവളുടെ ചിറകുകൾ തളർന്നതേയില്ല.  ഒടുവിൽ സംതൃപ്തിയോടെ മയങ്ങുന്ന കുഞ്ഞുങ്ങളെ ചിറകിലൊതുക്കി ആ അമ്മയും കൂട്ടിലൊതുങ്ങി .
                   അകലെ കാടിന്റെ മറ്റൊരു കോണിൽ ആ സമയത്ത് ഉറങ്ങാത്ത മറ്റൊരമ്മയുമു ണ്ടായിരുന്നു.  സ്വന്തം കുഞ്ഞിനെ അന്യന്റെ  കൂട്ടിൽ ഉപേക്ഷിച്ച  ഒരമ്മ! സ്വന്തം ചൂട് നല്കി മുട്ട വിരിയിക്കാനോ ചോരിവായിൽ  തീറ്റ നല്കി കുഞ്ഞിനെ സ്വന്തം ചിറകിന്റെ സുരക്ഷിതത്വത്തിൽ  ഒതുക്കി ധന്യത നേടാനോ  ഭാഗ്യമില്ലാത്ത ഒരമ്മ!  സ്വയം കൂട് കൂട്ടാനോ കുഞ്ഞുങ്ങളെ പോറ്റാനോ  കഴിയില്ലെന്ന, പ്രകൃതി നല്കിയ ശാപം ആ അമ്മയെ എന്നും വേദനിപ്പിച്ചു. അകലെ മറ്റൊരമ്മയുടെ  കാരുണ്യത്തിൽ ജീവിക്കുന്ന തന്റെ കുഞ്ഞുങ്ങളെയോർത്ത്   അവൾ വേദനിച്ചു.  സ്വന്തം കുഞ്ഞിനെപോലെ തന്റെ കുഞ്ഞുങ്ങളെയും പോറ്റിവളർത്തുന്ന  ആ അമ്മയ്ക്കായി  ഹൃദയം വിങ്ങുന്ന വേദനയോടെ  അവൾ പ്രാർത്ഥിച്ചു 
                            പിന്നെയും ദിവസങ്ങൾ  കടന്നു പോയി.  കുഞ്ഞുങ്ങൽ  ഈ പ്രപഞ്ചത്തെ കണ്ണ് നിറയെ കാണാൻ പഠിച്ചു. ഒരുപോലെ ശബ്ദിച്ചിരുന്നവരുടെ ശബ്ദങ്ങളിൽ വ്യത്യാസം പ്രകടമായി തുടങ്ങി.  പരുപരുത്ത  കരച്ചിലുകൽക്കിടയ്ക്ക് പൂങ്കുഴൽനാദം കേട്ടപ്പോൾ അമ്മയ്ക്ക് അതിശയമായി അതെ, തന്റേതല്ലാത്ത കുഞ്ഞുങ്ങളും കൂട്ടിലുണ്ട്.  ഇത്രയും നാൾ തീറ്റ തേടി പോറ്റിയത് മറ്റാരുടെയോ കുഞ്ഞുങ്ങളെ ആയിരുന്നുവെന്നോ? സ്വന്തം കുട്ടികളുടെ ഭക്ഷണം താനറിയാതെ പങ്കുവച്ച ആ കുഞ്ഞുങ്ങളെ അവൾ പകയോടെ നോക്കി.പിന്നെ തെല്ലും അലിവില്ലാതെ അവയെ ഒന്നൊന്നായി കൂട്ടിനു വെളിയിലേയ്ക് കൊത്തിപായിച്ചു.  കൂടിന്റെ വക്കിൽ നിന്നും തെറിച്ചു വീണ കുഞ്ഞുങ്ങൽ പരിഭ്രാന്തരായി ചിറകു വീശി.  പറക്കാൻ പഠിച്ചിട്ടില്ലാത്ത ആ കുഞ്ഞിചിറകുകൾക്ക്  സർവരുടെയും അമ്മയായ പ്രകൃതി ശക്തി പകർന്നു.  കുഞ്ഞുങ്ങൽ സുരക്ഷിതരായി പറന്നു നീങ്ങി -ജീവിതത്തിലേക്ക് ,  സ്വയം പഠിക്കാനും വളരാനും പിന്നെ അടുത്ത തലമുറയെ താനനുഭവിച്ച അരക്ഷിതത്വത്തിലെയ്ക്ക് തള്ളിവിടാനുമായി  ആ കുഞ്ഞുങ്ങൽ പറന്നു തുടങ്ങി.
                                       അകലെ താൻ  ജന്മം നല്കിയ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാതെ മറ്റൊരമ്മ അപ്പോഴും ഉഴന്നു നടക്കുന്നുണ്ടായിരുന്നു.  ഒരു കൈ കൊണ്ട് തല്ലുമ്പോഴും മറുകൈ കൊണ്ട് തലോടുന്ന പ്രകൃതിയുടെ വൈചിത്ര്യം മനസിലാക്കാൻ അപ്പോഴും ആ അമ്മയ്ക്ക് കഴിഞ്ഞില്ല.  അവൾ തന്റെ പോന്നോമ്മനകൾക്കായുള്ള തിരച്ചിൽ തുടരുന്നു, നാളെ മറ്റൊരമ്മ തന്റെ സ്ഥാനം  ഏറ്റെടുക്കുമെന്ന  വേദനിക്കുന്ന അറിവുമായി.....

 



2 comments: