Tuesday, February 9, 2010

സ്വപ്നം

വെളുത്ത ശാന്തമായ ആകാശത്തില്‍ ചുവപ്പുരാശിയാര്‍ന്ന ഒരു മേഘകീറ്. ജനാലയിലൂടെ കണ്ണിലെത്തിയ ചുവപ്പുനിറം തന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു ഞാന്‍. ക്രമേണ ആ ചുവപ്പുനിറം വളര്‍ന്നു , അനുനിമിഷം വളരുന്നൊരു ഭീതി എന്നെയും കീഴടക്കി. ഭീമാകാര രൂപം പൂണ്ട മേഘം ജനാലയിലൂടെ എന്റെ അടുത്തെത്തി. തടുക്കാനാവാത്ത ഒരു പ്രേരണ എന്നെ ആ മേഘത്തിനുള്ളിലെത്തിച്ചു. അവിടെ ഞാന്‍ എന്നെ കണ്ടു. നേര്‍ത്ത വസ്ത്രത്തിലൂടെ ഉന്തിയുയര്‍ന്നു നില്‍ക്കുന്ന ഉദരം,മയങ്ങുന്ന കണ്ണുകള്‍ , നെറ്റിയിലും മേല്‍ച്ചുണ്ടിലുംതങ്ങി നില്‍ക്കുന്ന വിയര്‍പ്പുകണങ്ങള്‍ , മുഖത്തെ ക്ഷീണം . എന്റെ നിയന്ത്രണത്തിനതീതമായി എന്റെ കൈകള്‍ ചലിച്ചു , നേരീയ വസ്ത്രം മാറി. വെളുത്ത വയറില്‍ തെളിഞ്ഞു നില്‍ക്കുന്ന നീല ഞരമ്പുകള്‍ -ഒരു നിമിഷം, ഞാന്‍ മറഞ്ഞു. പിന്നെ അരുമയാര്‍ന്നൊരു പെണ്‍കുഞ്ഞ് നീണ്ട കണ്‍പീലികള്‍. ഇളം ചുവപ്പാര്‍ന്ന ചുണ്ടുകള്‍ പിളുര്‍ത്തി അവള്‍ കരഞ്ഞു. വാരിയെടുത്തു ഞാന്‍ മറോടമാര്‍ത്തി തൂവല്‍ പോലെ മിനുസമാര്‍ന്ന പിഞ്ചു മേനി എന്റെ മാറിലമര്‍ന്നപ്പോള്‍ മനസ്സും മാറുംചുരന്നു. ചെഞ്ചോരി വായെന്റെ മാറിലമാര്‍ത്തി അവള്‍ നുണഞ്ഞു. എന്റെ മകള്‍! ജീവരക്തം അമൃതാക്കി മാറ്റി നല്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍.
ഞാന്‍ ഉണര്‍ന്നു. ആ സ്വപ്നം , എന്നില്‍ നിന്നും അടര്‍ന്നു പോയൊരാ സ്വപ്നം , മനസ്സിന്റെ നിലവറയിലെവിടെയോ കൊതി തീരത്തൊരു മാതൃത്വം എന്നെ അസ്വസ്ഥയാക്കുന്നു . അമ്മയാകാനുള്ള വെമ്പല്‍. എന്തിനിനിയും മോഹിക്കുന്നു. അറിയില്ല. മാതൃത്വം എന്തെന്നറിയിച്ച ജീവനാളം എന്നില്‍ നിന്നകന്നിട്ടും തോരാത്ത കണ്ണുമായി അവനെ കാത്തിരിക്കുമ്പോഴും മനസ്സിലുറങ്ങുന്ന ഈ മോഹം ഇടയ്ക്കിടെ ഒാര്‍മയിലെത്തി നോക്കുന്നതെന്തിനായാണ്‌ .

No comments:

Post a Comment